
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് റിപ്പോർട്ട്. നിത്യാനന്ദ ജീവത്യാഗം ചെയ്തെന്നാണ് നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരൻ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്ന് സുന്ദരേശ്വരൻ പറഞ്ഞത്. അതേസമയം, നിത്യാനന്ദ എവിടെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇനിയും വ്യക്തമല്ല.
2010-ൽ വിവാദനായകനാണ് നിത്യാനന്ദ. സിനിമാനടിക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നിത്യാനന്ദ വിവാദങ്ങളിൽപെടുന്നത്. പിന്നീട് തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായെന്നാരോപിച്ച് തമിഴ് ദമ്പതിമാർ രംഗത്ത് വന്നിരുന്നു. ഈ പരാതിയിൽ നിത്യാനന്ദയെ അറസ്റ്റ് ചെയ്യാൻ ഗുജറാത്ത് പൊലീസ് നീക്കം ആരംഭിച്ചതോടെ ഇയാൾ 2019-ൽ ഇന്ത്യ വിട്ടു.
സ്വന്തം രാജ്യം സ്ഥാപിച്ച് അനുയായികൾക്കൊപ്പം കഴിയുന്നു എന്നായിരുന്നു നിത്യാനന്ദ പിന്നീട് വെളിപ്പെടുത്തിയത്. ഇക്വഡോറിനുസമീപം ഒരു ദീപിലാണ് നിത്യാനന്ദയുടെ സ്വന്തം രാജ്യമായ കൈലാസം എന്നാണ് കരുതപ്പെടുന്നത്. പിന്നീട് പലതവണ ഓൺലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങൾ നടത്തിയിരുന്നു.
നിത്യാനന്ദ മരിച്ചെന്ന് 2022-ൽ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരുന്നില്ലായിരുന്നു.











